വിതുര: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കല്ലാർ ഗവ.എൽ.പി.എസിൽ ഗോത്രവർഗ പരമ്പരാഗത ഭക്ഷണ രീതികളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. ഗോത്ര വിഭാഗ പ്രതിനിധി സുരേന്ദ്രൻ കാണി ക്ലാസിന് നേതൃത്വം നൽകി. നെടുവൻ കിഴങ്ങ്, നൂറാൻ കിഴങ്ങ്, കരിങ്കിഴങ്ങ്, പിന്നൻ കിഴങ്ങ്, നന കിഴങ്ങ്, മുക്കിഴങ്ങ്, കവലാൻ കിഴങ്ങ് , മധുരക്കിഴങ്ങ്, കൂവക്കിഴങ്ങ്, എന്നിങ്ങനെ പത്തോളം ഭക്ഷ്യയോഗ്യമായ കിഴങ്ങുകളെ പറ്റിയും കല്ലുപുളി, ചങ്ങലം പറണ്ട തുടങ്ങിയ ഭക്ഷ്യയോഗ്യമായ സസ്യങ്ങളെപ്പറ്റിയും
ഓടക്കുമിൾ, കാക്കണം കാലി, പന്നി കുമിൾ,
അരി കുമിൾ തുടങ്ങിയ ഭക്ഷ്യ യോഗ്യമായ കൂണുകളെപ്പറ്റിയും ഗോത്രവർഗ്ഗക്കാരുടെ കുഴികുത്തി കല്ല് പാകി ചുട്ട് കിഴങ്ങുകൾ പുഴുങ്ങുന്ന രീതിയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് വിവിധ തരം പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഭക്ഷ്യ മേള സംഘടിപ്പിച്ചു. പ്രദർശനത്തിനുപയോഗിച്ച ഭക്ഷ്യ വിഭവങ്ങൾ കുട്ടികൾക്ക് കൂവയിലയിൽ വിളമ്പി നൽകി. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഭക്ഷണ രീതികളെപ്പറ്റി മനസ്സിലാക്കാനും തനത് ഭക്ഷ്യസംസ്കാരത്തെ അടുത്തറിയാനുമുള്ള അവസരം ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ലഭിച്ചു.


No comments:
Post a Comment